സ്കൂട്ടറിലെത്തി മാല മോഷണം ആവർത്തിച്ച യുവ പട്ടാളക്കാരൻ മൂന്ന് മാസത്തിനിടെ രണ്ടാമതും പിടിയിൽ ; ഇത്തവണ പിടികൂടിയത് പിണറായി പൊലീസ്
വഴിയാത്രികരായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കലും, മോഷണവും പതിവാക്കിയ യുവ സൈനികൻ മൂന്ന് മാസത്തിനകം രണ്ടാം തവണയും പൊലീസ് പിടിയിലായി. പിണറായി കാപ്പുമ്മൽ കുഞ്ഞിലാം വീട്ടിൽ ശരത് (34) ആണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ കനാൽക്കര വായനശാലക്ക് സമീപം വെച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പിണറായി അറത്തിൽ കാവിനടുത്ത സി.കെ ഷീബയുടെ കഴുത്തിൽ നിന്ന് രണ്ടര പവൻ മാല പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നിരുന്നു. ഷിബ ചെറുത്തതോടെ പിടിവലിയിൽ കാൽപവൻ്റെ താലി മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്.
ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയായിരുന്നു മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ഇതിൻ്റെ സി സി ടി വി ദൃശ്യം സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്‌ച ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുന്താറ്റിൽ മൂർക്കോത്ത് മുക്കിൽ ചാത്തോത്ത് കുനിയിൽ വി. വിജയയുടെ (60) കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ മാല പൊട്ടിച്ചെടുക്കാൻ കഴിഞ്ഞില്ല. ഇവിടെയും ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറിലായിരു ന്നു കവർച്ചക്കാരൻ എത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിണറായി പൊലീസ് ശരത്തിനെ പിടികൂടിയത്. താഴെ ചൊവ്വയിൽ നിന്ന് മോഷ്ടിച്ച ഇരുചക്രവാഹനവുമായി എത്തിയാണ് മാല കവർന്നത്. മൂന്ന് മാസം മുൻപ് തലശ്ശേരി പോലീസ് പരിധിയിലെ തിരുവങ്ങാട് ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന മഞ്ഞോടി വയൽ പുരയിൽ ജാനകി (70) യുടെ കഴുത്തിൽ നിന്നും അരപവൻ മാല പിടിച്ചു പറിച്ചെടുത്ത കേസിലും ഇതേ പട്ടാളക്കാരനെ തലശ്ശേരി പോലീസ്സ് അറസ്റ്റ് ചെയ്‌തിരുന്നു. അന്നും ഇയാൾ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയാണ് കുറ്റകൃത്യം നടത്തി രക്ഷപ്പെട്ടിരുന്നത്. ചുവന്ന ഷർട്ടിട്ട ആളാണ് പിടിച്ചു പറി നടത്തിയതെന്ന സൂചനയെ തുടർന്ന് സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് പിറ്റേന്നാൾ തന്നെ പ്രതിയായ ശരത്തിനെ പോലീസ് പിടികൂടിയിരുന്നത്. ഓൺ ലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പിടിച്ചു പറി നടത്തിയതെന്നാണ് അന്ന് ഇയാൾ കുറ്റസമ്മതം നട ത്തിയിരുന്നത്.
പിണറായി എസ്.ഐ.ബി. ബാവിഷ്, എഎസ്.ഐമാരായ രാജേഷ്, രജീഷ്, തലശ്ശേരി എ.എസ്.പിയുടെ സ്ക‌്വാഡ് അംഗങ്ങളായ ലിജു, ശ്രീലാൽ, രതീഷ് എന്നിവർ ചേർന്നാണ് ശരതിനെ പിടികൂടിയത്.
A young soldier who repeatedly stole necklaces on a scooter was arrested for the second time in three months; This time Pinarayi police arrested